Monday 15 August 2011

സ്വാതന്ത്ര്യം

കുറച്ചു കാലങ്ങള്‍ക്കു ശേഷമാണ് ഒരു ജനസമ്മതനായ നേതാവിന്‍റെ നാവില്‍ നിന്നും വിവേകപൂര്‍ണ്ണമായ വാക്കുകള്‍ പ്രവഹിക്കുന്നതു കേട്ടത്. മണിക്കൂറുകള്‍ നിന്ന് പ്രസംഗിച്ച നേതാവ് ഇടയ്ക്ക് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ:

'സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്രം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം'
...
ധീരദേശാഭിമാനികള്‍ തങ്ങളുടെ ഭാവിതലമുറകള്‍ക്കായി സ്വയം ബലിയര്‍പ്പിച്ചു നേടിയെടുത്ത തപോഫലം, സ്വാതന്ത്ര്യം. ഒരുപക്ഷേ ഇന്നീ മണ്ണില്‍ പിറക്കുന്ന ഒരു കുഞ്ഞിനുപോലും ആ തപസ്യയില്‍ വെന്തു വെണ്ണീറായ മഹാത്മാക്കള്‍ പരിരംഭിച്ച വേദനയുടെ മാനം ഗ്രഹിക്കാന്‍ കഴിയുകയില്ല. ആ മഹാത്മാക്കളുടെ ഏകാഗ്രചിത്തതയ്ക്കും ധീരതയ്ക്കും ദേശസ്നേഹത്തിനും മുന്നില്‍ നമ്രശീര്‍ഷരായി നിന്ന് അവരോടുള്ള നമ്മുടെ നന്ദിയും കടപ്പാടും അവര്‍ സമ്മാനിച്ച ഈ ദേശത്തോടുള്ള പ്രതിബദ്ധതയും സ്മരിക്കേണ്ട ദിവസാമാണിന്ന്...
...
അസാധ്യമെന്ന് ഒരിക്കല്‍ കരുതിയിരുന്നതാണ് പാശ്ചാത്യരില്‍ നിന്നുമുള്ള സ്വാതന്ത്ര്യം. പക്ഷേ നമ്മുടെ പൂര്‍വ്വികര്‍ അതു നേടിയെടുത്തു. വെള്ളാക്കാരന്‍റെ അത്യന്താധുനിക വെടിക്കോപ്പുകള്‍ക്കും യുദ്ധതന്ത്രങ്ങള്‍ക്കും കായബലത്തിനുമെതിരെ നമ്മുടെ പൂര്‍വ്വികരും സായുധരായിരുന്നു. ഗാന്ധിയെന്ന മഹാദേശാഭിമാനി നല്‍കിയ അഹിംസയില്‍ ഊന്നിയ സമരമുറകളും പതറാത്ത  ലക്ഷ്യബോധവുമായിരുന്നില്ലേ അവരുടെ ആയുധം? സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ അടിവേരുകള്‍ പോലും പറിച്ചെറിയാന്‍ പാകത്തില്‍ ദേശീയോദ്ഗ്രഥനം സാധ്യമാക്കിയ ആ സമരമുറകള്‍ക്ക് ഇന്ന് പ്രസക്തി വര്‍ദ്ധിച്ചിരിക്കുന്നു. 'ഗാന്ധി'യെന്നത് ഒരു പേരെന്നതിലുപരി ഒരു സ്ഥാനമായി വേണം കരുതാന്‍ ...
...
ദേശസ്നേഹത്തിന്‍റെ ഉത്തുംഗപദത്തിലേറിയവര്‍ക്കുള്ളതായിരിക്കണം ആ പദവി...
...
നമ്മുടെ പൂര്‍വ്വികര്‍ പട നയിച്ചത് വെള്ളക്കാരനെതിരെയെങ്കില്‍ നാം പട നയിക്കേണ്ടത് വെള്ളവസ്ത്രത്തിന്‍റെ മറയുള്ള അഴിമതിയെന്ന കറയ്ക്കെതിരെയാണ്. അഴിമതിയാല്‍ നിറം മങ്ങിയ നാടിന്‍റെ ശുദ്ധീകരണമാണ് ഇന്ന് നാം ഏറ്റെടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കര്‍ത്തവ്യം. അതിനായി ഇറങ്ങിത്തിരിച്ച അണ്ണാ ഹസാരെയെപ്പോലുള്ളവരാണ് നവീന ഗാന്ധിമാര്‍ . അല്ലാതെ പേരില്‍ ഗാന്ധി എന്ന് എഴുതി ചേര്‍ത്തതു കൊണ്ടു മാത്രം ഗാന്ധിയെന്ന പദവിയോട് നീതി പുലര്‍ത്താന്‍ കഴിയില്ലയെന്നത് നാം കണ്ടു കഴിഞ്ഞു. സ്വാതന്ത്ര്യത്തിന്‍റെ അറുപത്തിനാലാം വാര്‍ഷികത്തില്‍ ഞാന്‍ നിങ്ങളേവരെയും അണ്ണാ ഹസാരെയുടെ സമരങ്ങളില്‍ പങ്ക്‍ ചേരുവാന്‍ ആഹ്വാനം ചെയ്യുന്നു. ഒരു സ്വതന്ത്രഭാരതം തന്നെയാണ് നാം കാംക്ഷിക്കേണ്ടത്. പക്ഷേ എന്തില്‍ നിന്നൊക്കെയാണ് നമ്മുക്ക് സ്വാതന്ത്ര്യം വേണ്ടത് എന്ന് നാം സ്വയം ബോധിപ്പിക്കേണ്ടതുണ്ട്...
...
ആ ലക്ഷ്യത്തിലേക്ക് അഹിംസയില്‍ ഊന്നി നവീന ഗാന്ധിമാരായി നമ്മുക്ക് ഓരോരുത്തര്‍ക്കും നടന്നു തുടങ്ങാം. എങ്കില്‍ മാത്രമേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ ഇന്നത്തേയ്ക്കുവേണ്ടി സ്വന്തം നാളേകള്‍ ബലിയര്‍പ്പിച്ച മഹാരഥന്മാരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി ലഭിക്കൂ...
...
ജയ് ഹിന്ദ്!

Monday 20 December 2010

അയ്യോ! കുഴി

വൃശ്ചികമാസം അയ്യപ്പഭക്തര്‍ക്ക് വളരെ വിശേഷപ്പെട്ട കാലമാണ്. 'കല്ലും മുള്ളും കാല്ക്ക് മെത്ത' എന്ന് പാടി അയ്യപ്പദര്‍ശനത്തിന് കരിമലയും നീലമലയും നഗ്നപാദരായ് കയറുന്ന അയ്യപ്പന്മാര്‍. ശ്രവണസുഖമുള്ള ശരണം വിളി ഒരു പശ്ചാത്തല സംഗീതം പോലെ എങ്ങും നിറഞ്ഞു നില്ക്കും.

ഈ വൃശ്ചികത്തില്‍ തിരുവനന്തപുരം സന്ദര്‍ശിച്ച ഒരു യുവാവിന്‍റെ അനുഭവം കാലം കണ്ടു. വിമാനത്താവളത്തില്‍ നിന്ന് തന്‍റെ പിതാവിന്‍റെ പുതിയ ആര്‍ഭാട കാറില്‍ കയറി പുറത്തു വന്ന യുവാവ് ഒന്നു ഞെട്ടി. ഒരു നിമിഷം ശങ്കിച്ചിരുന്നു. കരിമലയ്ക്കടുത്താണോ താന്‍ വിമാനം ഇറങ്ങിയത്? പക്ഷെ ശരണം വിളി കേള്‍ക്കുന്നില്ലല്ലോ. ദൂരെയെവിടെയോ ഒരു നിലവിളി കേട്ട് വീണ്ടും ഞെട്ടി. ആരോ കുഴിയില്‍ പോയതായിരിക്കുമെന്ന് നിസ്സംഗതയോടെ പറഞ്ഞു കൊണ്ട് സൈക്കിള്‍ ഉന്തിക്കൊണ്ട് രണ്ടു പേര്‍ കടന്നു പോയതു കണ്ട് വായ് പൊളിച്ചു.

ലക്ഷങ്ങളുടെ കാറെങ്കിലും ഒരു കാളവണ്ടിയില്‍ യാത്ര ചെയ്ത പ്രതീതിയാണുളവായത് എന്ന് അമ്മയോടവന്‍ പറഞ്ഞു. എന്താ ഇങ്ങനെയൊക്കെ പറയുന്നത് മോനെ എന്ന്  വികാരതീവ്രതയോടെ അമ്മ. ഇവിടുത്തെ റോഡൊക്കെ എവിടെ പോയി എന്ന് മകന്‍. വഴിയും കുഴിയും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത വിധം അധപതിച്ചിരിക്കുന്ന റോഡുകള്‍. ഭരണ കൂടങ്ങള്‍ പലത് മാറി വന്നിട്ടും യുവത്വം തുളുമ്പുന്ന മന്ത്രിമാര്‍ അധികാരത്തില്‍ വന്നിട്ടും നാടിനു നന്മ ചെയ്യുവാന്‍ ആര്‍ക്കും താത്പര്യമില്ലേ? യുവാവിന്‍റെ ഇടറുന്ന സ്വരം. ഒരു ആഴ്ച നാട്ടില്‍ തങ്ങി കേരളത്തിന്‍റെ പല ഭാഗങ്ങള്‍ സന്ദര്‍ശിച്ച യുവാവ് എങ്ങും ഈ ദുരവസ്ഥയാണ് എന്ന് കണ്ട് ദു:ഖിച്ചു.

തിരികെ പോകാന്‍ യാത്ര തിരിച്ച യുവാവ് വിമാനത്തിലിരുന്ന് ജനാലയിലൂടെ വ്യാകുലതയോടെ പുറത്തേക്കു നോക്കി. അതു കണ്ട് അടുത്തിരുന്ന ഒരു സഹയാത്രികന്‍ മൊഴിഞ്ഞു 'പേടിക്കണ്ട. തിരുവനന്തപുരത്ത് കുഴിയില്ലാത്ത ആകെയൊരു വഴിയേ ഉള്ളു. അതീ റണ്‍വേയാണ്'.

സ്വാമിയേ ശരണമയ്യപ്പാ!

Tuesday 19 October 2010

അക്കൌണ്ട് ഷോര്‍ട്ടനിങ്ങ്

"എന്തൊക്കെ പറഞ്ഞാലും ഇന്‍റര്‍നെറ്റ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തമാണ്". ഒരു വിദ്വാന്‍ ഇങ്ങനെ സുഹൃത്തിനോട് പറയുന്നത് കേട്ടാണ് ശ്രദ്ധ തിരിഞ്ഞത്. നല്ല കോട്ടും റ്റൈയുമൊക്കെയുണ്ട്. പക്ഷെ കാലില്‍ നല്ല പോലെ പോളിഷ് ചെയ്ത കാന്‍വാസ് ഷൂസ് കണ്ടപ്പോള്‍ എന്തോ പന്തികേട് തോന്നാതിരുന്നില്ല. എന്തായാലും കക്ഷിയുടെ സുഹൃത്ത് അത്ര നല്ല മൂഡിലല്ല. തലയില്‍ നിന്ന് പുക വന്നതു പോലെ മുടിയെല്ലാം വലിച്ച് പറിച്ചിട്ടിരിക്കുന്നു. കുറച്ച് നേരം സംഭാഷണം കേട്ട് കഴിഞ്ഞപ്പോള്‍ സംഗതി മനസ്സിലായി. അങ്ങേരുടെ തലയില്‍ നിന്നു പുക പോയത് മാത്രമല്ല ബാങ്ക്‍ അക്കൌണ്ടില്‍ നിന്ന് കാശും പോയത്രെ. റ്റ്വിറ്ററും മൈക്രോബ്ളോഗുകളും പ്രചാരത്തില്‍ കൊണ്ടുവന്ന യൂ.ആര്‍.എല്‍ ഷോര്‍ട്ടനിങ്ങ് എന്ന വിദ്യയുപയോഗിച്ച് ഏതോ ഭീകരന്‍ ഒരു വൈറസ് കടത്തിയെന്ന്. ലിങ്കിന്‍റെ പേര് ചുരുക്കിയതിനാല്‍ അത് എന്താണ് തുറന്നുവിടാന്‍ പോകുന്നത് എന്ന് ഇഷ്ടന് മനസിലായിരുന്നില്ല. എന്തോ പടമാണ് എന്നവകാശപ്പെട്ടു കൊണ്ടാണ് ഇ-മെയില്‍ വഴി ആ ലിങ്ക്‍ എത്തിയതെന്ന് പുള്ളി പതിഞ്ഞ ശബ്ധത്തില്‍ പറഞ്ഞു. ഏതായാലും അത് ഒരു എക്സിക്യൂട്ടബിള്‍ പ്രോഗ്രാം തുറന്നെന്നും പിന്നെ തന്‍റെ ഓണ്‍ലൈന്‍ ബാങ്കിങ്ങ് വിവരങ്ങള്‍ ചോര്‍ത്തിയെന്നും ഒരു മണിക്കൂറിനുള്ളില്‍ അക്കൌണ്ടിലുണ്ടായിരുന്ന കുറച്ചധികം കാശ് മോഷണം പോയെന്നും പറഞ്ഞ് ഇന്‍റര്‍നെറ്റിനെ ശപിച്ചു. 

ഇതെല്ലാം ക്ഷമയോടെ കേട്ട് നിന്ന കാന്‍വാസ് ഷൂസുകാരന്‍റെ മുഖത്ത് സഹതാപം. സുഹൃത്തിന്‍റെ തോളില്‍ കൈയമര്‍ത്തി പുള്ളി വീണ്ടും പറഞ്ഞു. "എന്തൊക്കെ പറഞ്ഞാലും ഇന്‍റര്‍നെറ്റ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തമാണ്". പിന്നെ വിദൂരതയിലേക്ക് നോക്കി നിശ്വസിച്ച് കൊണ്ട് വളരെ ഗൗരവത്തോടെ പറഞ്ഞു "പക്ഷെ യൂ.ആര്‍.എല്‍ മാത്രമല്ല അതു നിന്‍റെ അക്കൌണ്ടും ഷോര്‍ട്ടാക്കി, അല്ലേ?".

Friday 8 October 2010

അനുലോമവിലോമപദങ്ങള്‍





കഴിഞ്ഞ ദിവസം ഒരു രസികന്‍ സംഭവത്തിന് കാലം സാക്ഷിയായി. ഭാരതത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള കുറേപ്പേര്‍ തമ്മില്‍ ഒരു സംവാദം. വിഷയം മറ്റൊന്നുമല്ല, എറ്റവും നീളമുള്ള പാലിന്‍ഡ്രോം എതെന്നാണ്. പലരും അവരവരുടെ ഭാഷയിലുള്ള നല്ല 'പൊളപ്പന്‍ ഐറ്റംസ്' ഇറക്കി. എല്ലാം രണ്ടോ മൂന്നോ പദങ്ങളില്‍ ഒതുങ്ങി. ആര്‍ക്കും ആധികാരികമായി അഭിപ്രായം പറയാനുള്ള വിവരം ഈ വിഷയത്തില്‍ ഇല്ലെന്ന് വൈകാതെ തന്നെ വ്യക്തമായി. ചിലര്‍ ആംഗലേയം പയറ്റി. ഒരു വിരുതന്‍ പറഞ്ഞു 15000-ത്തോളം വാക്കുകളുള്ള ഒരു പാലിന്‍ഡ്രോം ഉണ്ടത്രെ. അതൊരു കമ്പ്യൂട്ടര്‍ ആണത്രെ സൃഷ്ടിച്ചത്. വീണ്ടും പ്രശ്നമായി. മനുഷ്യനാല്‍ സൃഷ്ടിക്കപ്പെട്ടവ മാത്രം പറഞ്ഞാല്‍ മതിയെന്നായി ഒരു കൂട്ടം. കൂട്ടത്തില്‍ മികച്ചു നിന്നത് ഒരു മലയാളി ചെക്കന്‍. പുള്ളി വച്ചു കാച്ചിയത് ഇതാണ് 'കരുതല വിറ്റ് വില തരുക'. ആരുണ്ടെന്നെ തോല്‍പ്പിക്കാന്‍ എന്ന മട്ടില്‍ പുള്ളി നല്ല ഗമയില്‍ 
നില്‍ക്കുമ്പോളാണ് അതുവരെ മിണ്ടാപ്പൂച്ചയെ പോലെ നിന്ന സംസ്കൃതം പഠിച്ചിട്ടുള്ള ഒരു യുവകോമളന്‍ മിണ്ടിയത്. പഹയന്‍ ശ്വാസം വിടാതെ പറഞ്ഞതിങ്ങനെ:

'വേദാപന്നേ സശക്ലേ രചിതനിജരുഗുച്ഛേദയത്നേ രമേരേ
ദേവാസക്തേ മുദക്ഷോ ബലദമനയദ സ്തോഭദുര്‍ഗാസവാസേ
സേവാസര്‍ഗാദുഭസ്തോ ദയനമദലബക്ഷോദമുക്തേ സവാദേ
രേമേ രത്നേ യദച്ഛേ ഗുരുജനിതചിര ക്ലേശസന്നേ പദാവേ'

അവിടെ പിന്നെ ആരും ശ്വാസം വിട്ടില്ല. അതൊരു പാലിൻഡ്രോം ആണോ എന്ന സംശയം പോലും ആരും ചോദിച്ചു കേട്ടതുമില്ല.

അനുലോമവിലോമപദങ്ങളുടെ ഒരു മഹിമ!

Friday 24 September 2010

പാദം പൂത്ത കാലം

ജെയ് ഗാറ്റ്സ്ബിയെന്ന കഥാപാത്രത്തെ കുറിച്ചു കേട്ടിട്ടുണ്ടാവും. സ്കോട്ട് ഫിറ്റ്സ്ജെറൾഡ് രചിച്ച 'ദി ഗ്രെയ്റ്റ് ഗാറ്റ്സ്ബി' എന്ന നോവലിലെ പ്രധാന കഥാപാത്രം. ദുരിതപൂർണ്ണമായ ജീവിതത്തിൽ നിന്നും ഉയർന്നെഴുന്നേറ്റ് സമ്പത്തിൻറ്റെ കൊടുമുടിയിലെത്തിയ നായകൻ. പുതുതായി ഉണ്ടായ പെരുമഅനേകായിരം വരുന്ന തൻറ്റെ വസ്ത്രങ്ങൾ പ്രദർശ്ശിപ്പിച്ച് വിളിച്ചറിയിക്കുവാൻ ശ്രമിച്ച ഗാറ്റ്സ്ബി.

ഗാറ്റ്സ്ബിയെ പോലും വെല്ലുന്ന മനുഷ്യർ ഈ ലോകത്തുണ്ടെന്ന് കാലം ഓർത്തു പോകുന്നു. എല്ലാവരും ഒരു പടലയിൽ നിന്നു തന്നെ. തങ്ങളുടെ വൈശിഷ്ട്യം പുറംലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാൻ പലതരത്തിലാണ് ശ്രമം എന്ന വ്യത്യാസം മാത്രം.

എന്നാലും, ചില കക്ഷികൾക്ക് പാദരക്ഷകളോടുള്ള അഭിനിവേശം എത്ര ചിന്തിച്ചിട്ടും കാലത്തിന് മനസ്സിലാകുന്നില്ല. ഒരു പാദരക്ഷ മത്സരം നടത്തിയാൽ ആരു ജയിക്കും എന്നതിൽ കാലത്തിന് യാതൊരു സംശയവുമില്ല. രണ്ടായിരത്തിൽപ്പരം പാദരക്ഷകളുമായി ഫിലിപ്പീൻസിൻറ്റെ മുൻ രാഷ്ട്രപതിയുടെ ഭാര്യ ഇമെൽഡ മാർക്കോസ് പണ്ടേ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതാണ്. രണ്ടാം സ്ഥാനത്ത് എണ്ണൂറിൽപ്പരം പാദരക്ഷകളുമായി തമിഴകത്തിൻറ്റെ സ്വന്തം പുരൈട്ചി തലൈവിയും.

ഇത്രയും പാദരക്ഷകൾ എന്തിനെന്ന് സ്കോട്ട് ഫിറ്റ്സ്ജെറൾഡിൻറ്റെ ജന്മദിനമായ ഇന്ന് കാലം ചോദിച്ചു പോവുകയാണ്. യെന്തരിനോ യെന്തോ!

Thursday 23 September 2010

സോള്‍ ഓഫ് കേരള

ലണ്ടനിലെ ചെൽസിയിൽ കഴിഞ്ഞ ദിവസം വല്യ ബഹളം. പ്രശസ്തരായ ഒരുപാട് വ്യക്തികൾ അണിനിരന്നിരിക്കുന്നു. എന്താണെന്ന് അന്വേഷിച്ചപ്പോൾ കേരള ടൂറിസം പ്രചാരണം ആണത്രെ. കൊള്ളാലൊ പരിപാടി എന്ന് കരുതി നോക്കിയപ്പോൾ ദേ നിൽക്കുന്നു മോഹൻ ലാൽ. അവിടെ അവതരിപ്പിച്ച മൂന്നു മിനിറ്റ് ദൈർഘ്യമുള്ള പ്രചാരണചിത്രത്തെക്കുറിച്ച് അദ്ദേഹത്തിന് വല്യ മതിപ്പ്. പ്രചാരണചിത്രത്തിൻറ്റെ തിരക്കഥ രചിച്ചവർ അതു കേവല പരസ്യമല്ലെന്നും കേരളത്തിൻറ്റെ ആത്മാവിനെ പൂർണ്ണമായി ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു ചിത്രമാണെന്നും പറയുന്നത് കേട്ടപ്പോൾ മോഹൻ ലാലിൻറ്റെ തന്നെ ചിത്രമായ കളിപ്പാട്ടത്തിലെ ഒരു സന്ദർഭം ഓർമ്മ വന്നു. സോൾ ഓഫ് കേരള!
അവിടെ എത്തിയ സായിപ്പുമാരും മദ്ദാമ്മമാരും അനുപദം കേരളത്തിനെ വാഴ്ത്തുന്നത് കേട്ടപ്പോൾ കേരളത്തിനോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നിയതിനോടൊപ്പം തന്നെ എന്തോ ഒരു പന്തികേടും തോന്നി. പിന്നീട് ഒരു ഇംഗ്ളീഷ് പത്രം കണ്ടപ്പോഴാണ് അതിൻറ്റെ രഹസ്യം ചുരുളഴിഞ്ഞത്. പരിപാടിയിൽ പങ്കെടുക്കുവാൻ വന്നാൽ എല്ലാ വിശിഷ്ട വ്യക്തികൾക്കും സൗജന്യമായി കേരളം സന്ദർശ്ശിക്കാനുള്ള അവസരം ഒരുക്കും എന്നൊരു വാഗ്ദാനം ഉണ്ടായിരുന്നത്രെ. അപ്പോൾ പിന്നെ കാണ്ഡം കാണ്ഡമായി പുകഴ്ത്തിയാലെന്ത്? എന്തായാലും പരിപാടി ഹിറ്റാക്കി.
ഹല്ല പിന്നെ, മലയാളികളോടാണോടാ നിൻറ്റെയൊക്കെ കളി...

Tuesday 21 September 2010

റ്റ്യൂബ്

ലണ്ടനിലെ റ്റ്യൂബ് യാത്രക്കാരെക്കുറിച്ച് ഒരു കാര്യം ശ്രദ്ധിച്ചു. തീവണ്ടിയിലുള്ള ഒരു വലിയ ശതമാനം മനുഷ്യരുടെയും ശ്രദ്ധ ഐ-ഫോണിലോ ഐ-പാഡിലോ ഐ-പോഡിലോ ഒക്കെ. ആപ്പിളിൻറ്റെ അതിപ്രസരം നിരീക്ഷിക്കവെ മറ്റൊരു വിഷയം ഓർത്തു. സാങ്കേതികവിദ്യയും മനുഷ്യമനസ്സിലുളവാകുന്ന വികാരങ്ങളും തമ്മിലുള്ള അനിഷേധ്യമായ ബന്ധം.

വീട്ടിൽ നിന്നും പുറത്ത് പോയ ഒരാൾ അയക്കുന്ന സന്ദേശങ്ങൾ പ്രതീക്ഷിച്ചിരിക്കുന്ന ഒരു വീട്ടമ്മയ്ക്കുണ്ടാകുന്ന വികാരങ്ങളുടെ ഗതി തന്നെ അതിനുദാഹരണമായി കണക്കാക്കാം. നൂറ്റാണ്ടുകൾക്ക് മുൻപ്, ഒരു സന്ദേശം വീട്ടിലെത്തിക്കാൻ ആഴ്ചകളൊ മാസങ്ങളൊ വേണ്ടിയിരുന്നു. അതു കൊണ്ട് തന്നെ മാസങ്ങളോളം ക്ഷമയോടെ കാത്തിരിക്കാനുള്ള ശക്തി അന്നുള്ളവർക്കുണ്ടായിരുന്നിരിക്കണം. പിന്നീട് തപാലുണ്ടായപ്പോൾ ആ ക്ഷമാശക്തി ആഴ്ചകളായി. റ്റെലിഗ്രാമും റ്റെലിഫോണും അതിനെ ദിവസങ്ങളും മണിക്കൂറുകളുമാക്കി. മൊബൈൽ ഫോണും ഇൻറ്റെർനെറ്റും അതിനെ നിമിഷങ്ങളാക്കി. ഇന്ന് മനുഷ്യർക്ക് നിമിഷങ്ങൾ പോലും യുഗങ്ങൾ പോലെ. ഒരു നിമിഷത്തിൻറ്റെ താമസം മതി ആവലാതിപ്പെടാൻ. അത് ഉളവാക്കുന്ന സമ്മർദ്ദത്തിനടിമപ്പെടാൻ.

പുരോഗമനത്തിൻറ്റെ പാതയിൽ ആരും ശ്രദ്ധിക്കാതെ പോകുന്ന ചില അവസ്ഥകൾ.

ഇങ്ങനെയൊക്കെ ഓർത്തിരിക്കുമ്പോൾ ലണ്ടൻ കാണാനെത്തിയ ഒരു മലയാളി ഉപ്പൂപ്പ വസ്ത്രധാരണത്തിലല്പം ലുബ്ധയായ ഒരു മദ്ദാമ്മയെ നോക്കി പറയുന്നത് കേട്ടു 'കാലം പോയ പോക്കെ'.

Thursday 16 September 2010

ബന്ധനം കാഞ്ചന കൂട്ടിലാണെങ്കിലും...

യു.എസില്‍ ഭാരതീയനായ ഒരു ചലച്ചിത്രകാരനെ അറസ്റ്റ് ചെയ്തു എന്നറിഞ്ഞ് കാലം വ്യാകുലനായി. ജിഹാദിനെ കുറിച്ചുള്ള സാഹിത്യ ലേഖനങ്ങളും പിച്ചള മോതിരങ്ങളും കൈവശം ഉണ്ടായിരുന്നതിനാണ് വിജയ കുമാറിനെ അറസ്റ്റ് ചെയ്തത് എന്നാരോ പറഞ്ഞു. വിജയ കുമാര്‍ എന്ന പേരും ജിഹാദും തമ്മിലെന്താണ് ബന്ധം എന്നോര്‍ത്ത് തല ചൊറിഞ്ഞ് തുടങ്ങിയപ്പോഴാണ് പുള്ളി വല്യ പുള്ളിയാണെന്നും അവിടെ ഹിന്ദു കോണ്‍ഗ്രസില്‍ പ്രഭാഷണത്തിനായി ചെന്നതാണെന്നും ആരോ പറയുന്നത് കേട്ടത്. ഹമ്പട വിരുതാ എന്നിട്ടെന്തിനാ പിച്ചള മോതിരം എന്ന് ചോദിച്ചപ്പോള്‍ "വേണെങ്കില്‍ നേരിട്ട് പോയി ചോദിച്ചോ" എന്ന് മറുപടി കിട്ടി. പിന്നെയൊന്നും ചോദിച്ചില്ല. കിട്ടേണ്ടത് കിട്ടിയല്ലോ. ഏതായാലും പുള്ളിയെ വെറുതെ വിട്ടു എന്ന് കേട്ടപ്പോള്‍ സന്തോഷമായി.

പക്ഷെ കാലത്തിന് ഇപ്പോഴും ഒരു സംശയം ബാക്കി. വിജയ് കുമാര്‍ എന്ന പേരിന്‍റെ സ്ഥാനത്ത് വജീദ് കമ്രന്‍ എന്നോ മറ്റോ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു?


Wednesday 15 September 2010

തനിനിറം


ബാഹ്യമായി സമൂഹത്തില്‍ പൊയ്മുഖമണിഞ്ഞ് സഹജീവികളുടെ വ്യഥകളില്‍ വ്യാകുലരാണ് എന്ന് വരുത്തി നല്ലപിള്ള ചമഞ്ഞ് നടക്കുന്ന കപടന്മാരോട് പണ്ടെ കാലത്തിന്  നീരസമാണ്. ബ്ളോഗുകളിലും റ്റ്വീറ്റുകളിലും പലപ്പോഴും ഇവരുടെ തനിനിറം പ്രകടമാകാറുണ്ട്. അങ്ങനെയുള്ള ഒരു റ്റ്വീറ്റ് ഈയിടെ കാലം കാണാനിടയായി.

നമ്മുടെ ചങ്ങാതി മറ്റാരുമല്ല. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ ഭരിക്കുന്ന ഗവര്‍ണര്‍ . കഴിഞ്ഞ ദിവസം ഇഷ്ടന്‍ റ്റ്വീറ്റ് ചെയ്തിരിക്കുന്നു തന്‍റെ അരിപ്പാടങ്ങള്‍ക്ക്  ഇതിനു മുന്‍പ് മഴ ഇത്രയധികം ഗുണം ചെയ്തിട്ടില്ലയെന്ന്. വിളവെടുപ്പിനു തയ്യാറായി വലിയ നെല്ക്കതിരുകള്‍ നില്ക്കുന്നത്രെ. കനാലില്‍ നിന്നും തീരെ ജലം ആവശ്യമുണ്ടായില്ല പോലും. പ്രളയം വന്ന് ജനജീവിതം സ്തംഭിച്ച് മനുഷ്യന്‍ മരണത്തിന്‍റെയും ദുരിതത്തിന്‍റെയും ഇടയില്‍  ചക്രശ്വാസം വലിക്കുന്ന സാഹചര്യത്തിലാണ് ഈ ചിന്ത എന്ന് ഓര്‍ക്കുമ്പോള്‍ കാലത്തിന് ദീര്‍ഘമായി നിശ്വസിക്കാന്‍ മാത്രമാണ് തോന്നുന്നത്.

പാകിസ്താനിലെ പ്രളയക്കെടുതി പടങ്ങളില്‍.